ബ്യൂട്ടി പാർലർ സ്ട്രോക്ക് സിൻഡ്രോം: കാരണമെന്ത്?
ഹെയർ വാഷിനായി ബ്യൂട്ടിപാർലറിൽ എത്തിയ അമ്പതുകാരിയായ സ്ത്രീക്ക് ബ്യൂട്ടിപാർലർ സ്ട്രോക്ക് സിൻഡ്രം. അടുത്തിടെ പുറത്തുവന്ന ഈ വാർത്ത പലരിലും ഞെട്ടലുളവാക്കിയിരുന്നു. പലർക്കും ബ്യൂട്ടിപാർലർ സ്ട്രോക് സിൻഡ്രം എന്ന പേരുപോലും അപരിചിതമായിരുന്നു.
ഹൈദരാബാദ് സ്വദേശിയായ അമ്പതുകാരിയെയാണ് പാർലറിൽ ഹെയർ വാഷിനിടെ അസ്വസ്ഥകൾ അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്ഷീണം, മനംപുരട്ടൽ, ഛർദി തുടങ്ങിയവയായിരുന്നു പ്രാരംഭം ലക്ഷണങ്ങൾ. തുടർന്ന് ഗ്യാസ്ട്രോഎന്ററോളജിസ്റ്റിനെ കണ്ടെങ്കിലും ലക്ഷണങ്ങൾ കുറഞ്ഞില്ല. അടുത്ത ദിവസം നടക്കുമ്പോൾ ബാലൻസ് നഷ്ടമാവുക കൂടി ചെയ്തതോടെ ന്യൂറോളജിസ്റ്റിനെ കണ്ടപ്പോഴാണ് ബ്യൂട്ടിപാർലർ സ്ട്രോക് സിൻഡ്രം ആണെന്ന് സ്ഥിരീകരിച്ചത്.
ഹെയർ വാഷിനിടെ കഴുത്ത് വല്ലാതെ പുറകിലേക്ക് തിരിച്ചപ്പോൾ വെർട്ടിബ്രൽ ആർട്ടറിക്ക് ക്ഷതം സംഭവിച്ചതാണ് സ്ട്രോക്കിന് ഇടയാക്കിയത്. സലൂണുകളിലെ ചെറിയ അപകടങ്ങൾക്കിടെ സംഭവിക്കുന്ന ഈ രോഗാവസ്ഥയെക്കുറിച്ച് കൂടുതൽ അറിയാം.
എന്താണ് ബ്യൂട്ടിപാർലർ സ്ട്രോക്ക് സിൻഡ്രം?
ബ്യൂട്ടിപാർലറുകളിൽ മാത്രമല്ല സലൂണുകളിൽ ഉൾപ്പെടെ മുടി വെട്ടുന്നതിനിടയിൽ കഴുത്ത് വല്ലാതെ പുറകിലേക്ക് ആക്കുന്നത് കാണാറുണ്ട്. ഷേവ് ചെയ്യുന്ന സമയത്തൊക്കെ റേസർ വച്ച് താടിയുടെ അടിഭാഗം ഷേവ് ചെയ്യുമ്പോൾ കഴുത്ത് നന്നായി പുറകിലേക്ക് തിരിക്കാറുണ്ട്.
അതുപോലെതന്നെ ചിലയിടങ്ങളിൽ മുടിവെട്ടുന്നതിനിടെ കഴുത്ത് പ്രത്യേകതരത്തിൽ പൊട്ടിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് ബ്യൂട്ടിപാർലർ സ്ട്രോക്ക് സിൻഡ്രം എന്ന അവസ്ഥ സംഭവിക്കുന്നത്.
കഴുത്തിലെ നാലു രക്തക്കുഴലുകളാണ് പ്രധാനമായും ബ്രെയിനിലേക്ക് രക്തം പ്രവഹിക്കുന്നത്. മുമ്പിലുള്ള രക്തക്കുഴലുകളെ കരോട്ടിക് ആർട്ടറീസ് എന്നും പുറകിലുള്ളവയെ വെർട്ടിബ്രൽ ആർട്ടറീസ് എന്നുമാണ് വിളിക്കുന്നത്.
കഴുത്തിന്റെ കശേരുക്കൾക്കിടയിലുള്ള ചെറിയ ദ്വാരത്തിലൂടെയാണ് വെർട്ടിബ്രൽ ആർട്ടറീസ് തലയോട്ടിക്കുള്ളിലൂടെ തലച്ചോറിലേക്ക് പ്രവേശിക്കുന്നത്. സലൂണുകളിൽ നിന്ന് കഴുത്ത് വല്ലാതെ പുറകിലേക്ക് തിരിക്കുമ്പോൾ വെർട്ടിബ്രൽ ആർട്ടറിയുടെ ഭിത്തികളിൽ വിള്ളലുണ്ടാവാം. തുടർന്ന് താൽക്കാലികമായി രക്തയോട്ടം കുറയുന്നു. അതുവഴി ചെറിയ തലചുറ്റലും ഛർദിയുമാണ് ഉണ്ടാവുക.
പക്ഷേ അടുത്ത ദിവസം രക്തയോട്ടത്തിന്റെ തോത് നന്നേ കുറയുകയും നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുക, വീഴാൻ പോവുക, കുഴഞ്ഞുപോവുക, ഉമിനീര് തരിപ്പിൽ കയറുക തുടങ്ങിയവ സംഭവിക്കുന്നു. ഇതേപോലെയാണ് കഴുത്ത് വലത്തോട്ടും ഇടത്തോട്ടും തിരിച്ചുകൊണ്ട് തീവ്രമായ ചില മസാജുകൾ ചെയ്യുമ്പോഴും സംഭവിക്കുന്നത്. കരോട്ടിക് ആർട്ടറിയുടെ ഭിത്തികളിൽ വിള്ളലുണ്ടായി ഇതേപോലെ രക്തയോട്ടം നിലയ്ക്കാനുള്ള സാധ്യതയുണ്ട്.
ലക്ഷണങ്ങൾ
* തലകറക്കം
* ഛർദി
* കഴുത്തിന് വേദന
* സംസാരിക്കുമ്പോൾ വ്യക്തമാവാതിരിക്കുക.
* കാഴ്ച മങ്ങൽ
* നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുക
* ഒരുവശം തരിപ്പ് അനുഭവപ്പെടുക
* വെള്ളം കുടിക്കുമ്പോൾ തരിപ്പിൽ പോവുക
* മൂക്കുകൊണ്ട് സംസാരിക്കുന്ന പോലെ അനുഭവപ്പെടുക
കൃത്യസമയത്ത് ചികിത്സിക്കാതിരിക്കുക വഴി വെർട്ടിബ്രൽ ആർട്ടറി പൂർണമായും ബ്ലോക്ക് ആവുകയും രോഗിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും കോമയിലേക്ക് പോകാനുള്ള സാധ്യതയുമുണ്ട്. പ്രത്യേകിച്ച് ചിലരിൽ ഒരു വെർട്ടിബ്രൽ ആർട്ടറി ജന്മനാ ചുരുങ്ങിയിരിക്കാം. ആ ഭാഗത്ത് വീണ്ടും ക്ഷതമേൽക്കുമ്പോൾ മേൽപ്പറഞ്ഞ അവസ്ഥകളിലേക്ക് പോയേക്കാം. പ്രായമുള്ളവരും സ്പോണ്ടിലോസിസ് രോഗികളുമൊക്കെ കൂടുതൽ ശ്രദ്ധിക്കേണ്ട വിഭാഗക്കാരാണ്.
ചികിത്സ
തലകറക്കം, ഛർദി, ഒപ്പം കഴുത്തിന് വേദന എന്നീ ലക്ഷണങ്ങൾ കണ്ടാലുടൻ വിദഗ്ധ ചികിത്സ തേടണം. എം.ആർ ആൻജിയോഗ്രാം ടെസ്റ്റ്, സി.ടി ആൻജിയോഗ്രാം ടെസ്റ്റ് എന്നിവ ചെയ്ത് ഭിത്തിയിൽ വിള്ളലുണ്ടോ എന്ന് പരിശോധിക്കണം. ശേഷം രക്തം കട്ടപിടിക്കാതിരിക്കാനുള്ള ചികിത്സ ആരംഭിക്കും.
മരുന്നുകൾ ഉപയോഗിച്ചും ഇൻജെക്ഷൻ ചികിത്സയുമുണ്ട്. അല്ലാതെ ആൻജിയോപ്ലാസ്റ്റി പോലുള്ളവയും വേണ്ടി വന്നേക്കാം. നേരത്തേ കണ്ടെത്തിയാൽ അത്രയും നല്ലത്. ഗുരുതരാവസ്ഥയിൽ എത്തുംമുമ്പായാൽ ഒന്നോ രണ്ടോ ആഴ്ച്ചത്തെ ആശുപത്രി വാസത്തിനുള്ളിൽ രോഗമുക്തി നേടാം.
പരിഹാരം
സലൂണുകളിൽ പരിശീലനം ഇല്ലാത്ത തൊഴിലാളികൾ കഴുത്ത് പൊട്ടിക്കുകയും മറ്റും ചെയ്യുമ്പോഴാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. കഴുത്ത് പുറകിലേക്ക് തിരിക്കുമ്പോൾ നന്നായി ശ്രദ്ധിക്കുക, തീവ്രമായ മസാജുകളും മറ്റും ചെയ്യാതിരിക്കുക എന്നിവയാണ് പ്രധാനം. ഇത്തരം അപകടസാധ്യതകളെക്കുറിച്ച് സലൂണിലെ ജീവനക്കാർക്ക് പരിശീലനം ലഭിച്ചിരിക്കണം.
പരിശീലനം ലഭിച്ച ജീവനക്കാർ ഇത്തരം സാഹസങ്ങൾക്ക് മുതിരാറില്ല. കഴുത്ത് വല്ലാതെ പുറകിലേക്ക് തിരിക്കുന്നു എന്നു തോന്നിയാൽ സ്വയം അത്തരം മസാജുകൾ നിരസിക്കാം. ജീവനക്കാർക്ക് കൃത്യമായ ബോധവൽക്കരണം നൽകേണ്ടത് അനിവാര്യമാണ്.