സമരക്കാരെ ബൂട്ടിട്ട് ചവിട്ടി പൊലീസ്: അന്വേഷണത്തിന് ഉത്തരവിട്ടു

Share Now

കെ റെയിൽ സമരക്കാരെ ചവിട്ടിയ പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവ്. സ്പെഷൽ ബ്രാഞ്ച് ഡി വൈ എസ് പി പരാതി അന്വേഷിക്കും.

കെ റെയിൽ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ തിരുവനന്തപുരം റൂറൽ എസ് പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഷബീറിനെതിരെയാണ് അന്വേഷണം.

സര്‍വേയ്ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ പ്രതിഷേധക്കാരെ പൊലീസ് കയ്യേറ്റം ചെയ്യുകയായിരുന്നു. ഉന്തിനുംതള്ളിനുമിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് ബൂട്ടിട്ട് ചവിട്ടുകയായിരുന്നു. എന്നാൽ മനപൂര്‍വം ആരെയും ചവിട്ടിയില്ലെന്ന് മംഗലപുരം സി.ഐ ന്യായീകരിച്ചു. കെ റെയിലുമായി ബന്ധപ്പെട്ട സംസ്ഥാന സ൪ക്കാ൪ നടപടിയിൽ പ്രതിഷേധിച്ച് കെ സി ബി സി മീഡിയ കമ്മീഷൻ രംഗത്ത് വന്നു. സംസ്ഥാന സ൪ക്കാരിന് അധികാരത്തിന്റെ അഹന്തയാണെന്ന് മീഡിയ കമ്മീഷൻ കുറ്റപ്പെടുത്തി. പൊതുജനത്തിന്റെ ജീവിതത്തിലേക്ക് റെയിലോടിക്കാൻ തെരുവിൽ പൗരന്മാരെ നേരിടുന്നു. സ൪ക്കാരിന് ഏകാധിപത്യ സ്വഭാവമാണെന്നും കെസിബിസി കുറ്റപ്പെടുത്തി.

കണ്ണൂർ ചാലയിലും കെ റെയിൽ സമരം നടക്കുകയാണ്. കെ റെയിൽ കുറ്റിയുമായി വന്ന വാഹനം സമരക്കാർ തടഞ്ഞു. പ്രദേശത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. പൊലീസ് സംരക്ഷണത്തോടെ ഉദ്യോഗസ്ഥർ സ്ഥാപിച്ച കുറ്റികൾ സമരക്കാർ പിഴുതെറിഞ്ഞു. പൊലീസും ഉദ്യോഗസ്ഥരും നീങ്ങിയതിന് പിന്നാലെയാണ് കുറ്റികൾ പിഴുതെറിഞ്ഞത്. പ്രദേശത്ത് പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.


Share Now

Leave a Reply

Your email address will not be published. Required fields are marked *