ഏപ്രിൽ മുതൽ റേഷൻ കടകളിൽ സമ്പുഷ്ടീകരിച്ച അരിമാത്രം -ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: റേഷൻകടകളിലൂടെ ഏപ്രിൽ ഒന്നുമുതൽ സമ്പുഷ്ടീകരിച്ച അരിമാത്രമേ വിതരണംചെയ്യൂവെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. കേന്ദ്രം നൽകുന്ന വിഹിതത്തിൽ ഇതു നിർബന്ധമാക്കിയിട്ടുണ്ട്. വിലക്കയറ്റം നേരിടാൻ ആന്ധ്രയിൽ പ്രത്യേകം കൃഷിയിറക്കി ഉത്പാദിപ്പിച്ച ജയ അരി ഏപ്രിൽ 15-ഓടെ എത്തുമെന്നും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
മുൻഗണനേതര കാർഡുകാർക്ക് ഈ മാസം വിതരണംചെയ്യാൻ കേന്ദ്രം അനുവദിച്ച 6546 മെട്രിക് ടൺ ഗോതമ്പെത്തി. സംസ്ഥാനത്തിന്റെ വെട്ടിക്കുറച്ച ഗോതമ്പിനുപകരം അനുവദിച്ച റാഗി 991 മെട്രിക് ടണ്ണും എത്തിയിട്ടുണ്ട്. ഇതു പൊടിയാക്കി അടുത്തമാസം മുതൽ വിതരണംചെയ്യും.
ആന്ധ്രയിൽനിന്നെത്തുന്ന ജയ അരി ഏപ്രിൽ പകുതിമുതൽ വിതരണംചെയ്യാനാവുമെന്നാണ് പ്രതീക്ഷ.
സമ്പുഷ്ടീകരിച്ച പുഴുക്കലരിമാത്രമേ ഏപ്രിൽമുതൽ നൽകൂവെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. സംസ്ഥാനം ഉത്പാദിപ്പിക്കുന്ന അരിയും ഇങ്ങനെ സമ്പുഷ്ടീകരിക്കും.
വയനാട്ടിൽ അരിവാൾരോഗമുള്ളവർക്ക് ഈ അരി നൽകില്ല. സ്കൂളുകളിലെ ഉച്ചഭക്ഷണപദ്ധതിക്ക് ഉപയോഗിക്കുന്ന അരി രണ്ടുവർഷമായി സമ്പുഷ്ടീകരിച്ചതാണെന്നും മന്ത്രി പറഞ്ഞു.