പാലിന്റെ വില 5 രൂപവരെ കൂടിയേക്കും: മിൽമ

Share Now

പാലക്കാട്: കാലിത്തീറ്റ ഉൾപ്പെടെയുള്ളവയുടെ വിലവർധനയുടെ പശ്ചാത്തലത്തിൽ പാൽ ഉൽപാദനത്തിന്റെ ചെലവു കണ്ടെത്താൻ മിൽമ നിയോഗിച്ച സമിതി നാളെ പഠനം തുടങ്ങും.

ഡിസംബറിൽ പാൽവില പരമാവധി 5 രൂപ വരെ കൂട്ടുമെന്നാണു സൂചന. തീരപ്രദേശം, സമതലം, ഹൈറേഞ്ച് എന്നിങ്ങനെ 3 പ്രദേശങ്ങളായി തിരിച്ച് ഓരോ മേഖലയിലും പാലിന്റെ ഉൽപാദനം പ്രത്യേകം കണക്കാക്കും.

തിരുവനന്തപുരം മേഖലാ യൂണിയനു കീഴിൽ പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം യൂണിയനു കീഴിൽ ഇടുക്കി, എറണാകുളം, തൃശൂർ, മലബാർ മേഖലാ യൂണിയനു കീഴിൽ വയനാട്, കണ്ണൂർ, പാലക്കാട് ജില്ലകളിലാണു പഠനം നടത്തുക.

വെറ്ററിനറി സർവകലാശാലയിലെ ഡോ.ജി.ആർ.ജയദേവൻ, കാർഷിക സർവകലാശാലയിലെ ഡോ.ബെന്നി ഫ്രാങ്കോ എന്നിവരടങ്ങുന്ന സമിതി നവംബർ ഇരുപതോടെ ആദ്യഘട്ട റിപ്പോർട്ട് നൽകും. ഉൽപാദനച്ചെലവു വർധിച്ചതോടെ കർഷകർ പ്രതിസന്ധിയിലാണെങ്കിലും അതിനെക്കാൾ പ്രതിസന്ധിയിലാണു തങ്ങളെന്നു മിൽമ പറയുന്നു.

പാൽക്ഷാമം നേരിടുന്നതിന് ഓണക്കാലത്ത് ഉൾപ്പെടെ അധികവില കൊടുത്താണ് അയൽ സംസ്ഥാനങ്ങളിൽ നിന്നു പാൽ വാങ്ങിയത്. 6 രൂപയെങ്കിലും വില കൂട്ടണമെന്നാണു നേരത്തെ എറണാകുളം മേഖലാ യൂണിയൻ ആവശ്യപ്പെട്ടത്. 2019ലാണു മിൽമ പാൽ വില കൂട്ടിയത്. അന്നു ലീറ്ററിന് 4 രൂപയാണു വർധിപ്പിച്ചത്.


Share Now

Leave a Reply

Your email address will not be published. Required fields are marked *