തലയ്ക്കുപിടിച്ചാൽ ചെവിക്കുപിടിക്കും: ഡ്രഗ് ഡിറ്റക്ടിങ് കിറ്റുമായി പോലീസ്

Share Now

തൃശ്ശൂര്‍: കഞ്ചാവ് മുതല്‍ എം.ഡി.എം.എ. വരെയുള്ള ലഹരിപ്പെരുപ്പില്‍ വാഹനം കത്തിച്ചുവിടുമ്പോള്‍ എങ്ങനെ വിശ്വസിച്ചുകയറുമെന്ന പേടിയിലാണ് ഓട്ടം വിളിക്കുന്നവര്‍. കഴിഞ്ഞ ദിവസം നഗരത്തില്‍ ഏഴ് ഡ്രൈവര്‍മാരെ പരിശോധിച്ചപ്പോള്‍ നാലുപേരും ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയതോടെ പ്രശ്നം ഗുരുതരമാണെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ലഹരി ഉപയോഗിച്ച് വണ്ടിയോടിക്കുന്നവരെ പിടിക്കാന്‍ ഡ്രഗ് ഡിറ്റക്ടിങ് കിറ്റുമായി ഇറങ്ങിയിരിക്കുകയാണ് പോലീസ്.

ഓട്ടോ സ്റ്റാന്‍ഡ്, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവ ലഹരിവില്‍പ്പനയുടെ കേന്ദ്രങ്ങളായി മാറിയെന്നാണ് അധികൃതര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഡ്രൈവര്‍മാര്‍ക്ക് ലഹരികള്‍ എളുപ്പം കിട്ടും. ഉപയോഗിക്കുന്നവര്‍ ഇത്തരം സാധനങ്ങള്‍ പരസ്പരം കൈമാറുന്നുമുണ്ട്. കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന സംശയവും ശക്തമാണ്. പലസ്ഥലങ്ങളിലേക്കും ഓട്ടംപോകുന്നതിനാല്‍ മറ്റിടങ്ങളില്‍നിന്ന് ലഹരിവസ്തുക്കള്‍ ശേഖരിക്കാനും ഇവര്‍ക്ക് സാധിക്കുന്നു.

ഡ്രൈവര്‍മാരില്‍ നല്ലൊരു വിഭാഗം ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. രാത്രി വണ്ടി ഓടിക്കണമെങ്കില്‍ ഇതു വേണമെന്ന തെറ്റിദ്ധാരണയാണ് പലര്‍ക്കും. മദ്യം ഒഴികെ മറ്റൊന്നും പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കില്ലെന്നതായിരുന്നു ഇതുവരെ ഇവരുടെ ധൈര്യം. ഡ്രഗ് ഡിറ്റക്ടിങ് കിറ്റ് എത്തിയതോടെ അതൊക്കെ പഴങ്കഥയായി. പരിശോധന കൂട്ടുമ്പോള്‍ ഇതിന്റെ ആഴം കൂടുമെന്നാണ് പോലീസും പറയുന്നത്. ഈസ്റ്റ് പോലീസും മയക്കുമരുന്നുവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലെ പെട്രോള്‍ പമ്പ് നിര്‍മാണം നടക്കുന്നതിനു സമീപമുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ സാധാരണ നിറയെ ഓട്ടോറിക്ഷകള്‍ ഉണ്ടാകാറുള്ളതാണ്. പോലീസ് പരിശോധന ആരംഭിച്ചതോടെ ചില ഡ്രൈവര്‍മാര്‍ക്ക് കാര്യം പിടികിട്ടി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. സ്റ്റാന്‍ഡ് കാലിയായി.

ആദ്യം പരിശോധിച്ചവര്‍ക്കൊന്നും കാര്യം മനസ്സിലായിരുന്നില്ല. രണ്ടുമൂന്നുപേരെ പരിശോധിച്ചശേഷമാണ് ലഹരി ഉപയോഗത്തിന്റെ പരിശോധനയാണ് നടക്കുന്നതെന്ന് ഡ്രൈവര്‍മാര്‍ക്ക് മനസ്സിലായത്. ഇത്രയധികംപേര്‍ ഓടിയൊളിക്കുന്നുവെങ്കില്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ചെറുതാകില്ലെന്നാണ് പോലീസ് പറയുന്നത്.

വ്യാഴാഴ്ച കെ.എസ്.ആര്‍.ടി.സി. പരിസരത്തുനിന്ന് പോലീസ് പിടികൂടിയ ഡ്രൈവര്‍മാരിലൊരാള്‍ അപകടം മണത്തറിഞ്ഞു. പരിശോധനയ്ക്കുള്ള മൂത്രത്തിനായി ശൗചാലയത്തിലേക്ക് കയറിയ ഇയാള്‍ പുറത്തിറങ്ങിയത് പച്ചവെള്ളം നിറച്ച ചെറുകുപ്പിയുമായി. ഒരു നിറവ്യത്യാസവുമില്ലാത്തത് പോലീസുകാരില്‍ സംശയമുണര്‍ത്തി. പിന്നീട് രണ്ടാമത് മൂത്രം ശേഖരിച്ച് പരിശോധിച്ചപ്പോള്‍ തെളിഞ്ഞത് കഞ്ചാവ് ഉപയോഗം.ക

എം.ഡി.എം.എ.യോ മറ്റെന്തെങ്കിലും സിന്തറ്റിക് ലഹരിയോ വേണമെങ്കില്‍ അത്… എന്തും ആവശ്യത്തിന് കിട്ടുമ്പോള്‍ ലഹരി മൂത്ത് പറക്കുകയാണ് ചില ഡ്രൈവര്‍മാര്‍. വണ്ടി വിളിക്കുംമുമ്പ് ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നുകൂടി പരിശോധിക്കേണ്ട അവസ്ഥ. ലഹരി മൂത്തുള്ള വാഹനം ഓടിക്കലിന് തടയിടാന്‍ പോലീസ് ഇറങ്ങിക്കഴിഞ്ഞു…

കണ്ടെത്താം ആറ് ലഹരികള്‍

ഡ്രഗ് ഡിറ്റക്ടിങ് കിറ്റിലൂടെ കണ്ടെത്താവുന്നത് ആറുതരം ലഹരി ഉപയോഗം. കൊക്കെയ്ന്‍, കഞ്ചാവ്, എം.ഡി.എം.എ., മോര്‍ഫിന്‍, ബെന്‍സോ ഡയാസഫിന്‍സ്, ബാര്‍ബിടുറേറ്റസ് എന്നിവയുടെ ഉപയോഗമാണ് കണ്ടെത്താവുന്നത്. ഉമിനീരോ മൂത്രമോ ഉപയോഗിച്ച് പരിശോധന നടത്തുമ്പോള്‍, ഉപകരണത്തില്‍ ഏതു മയക്കുമരുന്നിനു നേരെയുള്ള ലൈറ്റാണോ കത്താത്തത്, അവ ഉപയോഗിച്ചിട്ടുണ്ടെന്നാണ് സൂചന.

48 മണിക്കൂര്‍ മുമ്പുവരെ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ യന്ത്രം കാണിച്ചുതരും. ഉമിനീരോ മൂത്രമോ പരിശോധനയ്ക്കായി ഉപയോഗിക്കാം.

ചെറിയ ഒരു ഉപകരണം ഉള്‍പ്പെടെയുള്ള കിറ്റ് ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാനാകൂ. ഇത്തരത്തില്‍ അമ്പതോളം യന്ത്രങ്ങളാണ് സിറ്റി പോലീസിന് ആദ്യഘട്ടത്തില്‍ ലഭിച്ചിരിക്കുന്നത്.


Share Now

Leave a Reply

Your email address will not be published. Required fields are marked *