ട്വിറ്ററിൽ കൂട്ടപ്പിരിച്ചുവിടലിനു നോട്ടീസ് നല്‍കി ഇലോൺ മസ്ക്
ട്വിറ്റര്‍ ഏറ്റെടുത്ത ഇലോണ്‍ മസ്‌ക് കൂട്ടപ്പിരിച്ചുവിടലിനു നോട്ടീസ് നല്‍കി. പിരിച്ചു വിടേണ്ടവരുടെ പട്ടിക സമര്‍പ്പിക്കാന്‍ ടീം മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. 7,500 ജീവനക്കാരുള്ള ട്വിറ്ററില്‍നിന്ന് വലിയൊരു വിഭാഗത്തെ ഒഴിവാക്കുമെന്നു നേരത്തെതന്നെ മസ്‌ക് സൂചിപ്പിച്ചിരുന്നു.

പ്രമുഖ മൈക്രോബ്ളോഗിംഗ് ആപ്ളിക്കേഷനായ ട്വിറ്ററിനെ ഏറ്റെടുത്ത ലോകത്തെ ഏറ്റവും സമ്പന്നനായ എലോണ്‍ മസ്‌കിന്റെ നടപടി ടെക്‌നോളജി കമ്പനികള്‍ക്കാകെ ക്ഷീണമായി. ഇവയുടെ തലപ്പത്തുള്ളവരുടെ ആസ്തി കുത്തനെ ഇടിയുകയും ചെയ്തു.
ടെസ്ല, സ്‌പേസ്എക്‌സ് എന്നിവയുടെയും സി.ഇ.ഒയായ മസ്‌കിന്റെ ആസ്തിയില്‍ 1,000 കോടി ഡോളറാണ് (ഏകദേശം 82,268 കോടി രൂപ) കുറഞ്ഞതെന്ന് ബ്ളൂംബെര്‍ഗ് ശതകോടീശ്വര സൂചിക വ്യക്തമാക്കുന്നു. ബ്ളൂംബെര്‍ഗിന്റെ റിയല്‍ടൈം കണക്കുപ്രകാരം 20,400 കോടി ഡോളറാണ് മസ്‌കിന്റെ ആകെ ആസ്തി (16.78 ലക്ഷം കോടി രൂപ).