യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം പുറപ്പെട്ടു; സംഘത്തിൽ 19 മലയാളികൾ
യുദ്ധം രൂക്ഷമായ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് പുറപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 1.45ഓടെയാണ് വിമാനം പുറപ്പെട്ടത്. മുംബൈയിലേക്കാണ് വിമാനം എത്തുക. രാത്രി ഒമ്പതരയോടെ വിമാനം മുംബൈയിൽ ലാൻഡ് ചെയ്യും
സംഘത്തിൽ 19 മലയാളികളും ഉണ്ടെന്നാണ് വിവരം. നിലവിൽ ഏകദേശം പതിനാറായിരത്തോളം പേർ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നതായാണ് കേന്ദ്രസർക്കാരിന്റെ കണക്ക്. ഇതിൽ 2300 പേർ മലയാളികളാണ്. യുക്രൈന്റെ അയൽ രാഷ്ട്രങ്ങൾ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഹംഗറിയിലേക്ക് എയർ ഇന്ത്യയുടെ മറ്റൊരു വിമാനം ഉടൻ പുറപ്പെടും.
യുക്രൈനില്‍നിന്ന് റൊമേനിയന്‍ അതിര്‍ത്തി കടന്ന 27 മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ആദ്യ സംഘം ഇന്ത്യയിലെത്തി. 219 പേരുടെ ആദ്യ സംഘം മുംബൈയിലാണ് വിമാനമിറങ്ങിയത്. മുംബെ മേയര്‍ വിദ്യാര്‍ഥികളെ സ്വീകരിച്ചു. എല്ലാവരെയും തിരികെ എത്തിക്കുമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.
യുക്രൈന്‍ രക്ഷാദൗത്യത്തിന് ‘ഓപ്പറേഷന്‍ ഗംഗ’ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പേര് നല്‍കിയത്. 29 മലയാളികള്‍ അടക്കം 251 യാത്രക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഡല്‍ഹിയില്‍ ഇന്നു പുലര്‍ച്ചെ എത്തി. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യയും വി. മുരളീധരനും ചേര്‍ന്നു സ്വീകരിച്ചു.
ഇന്ത്യയിലെ അനേകം വിദ്യാര്‍ഥികള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി യുക്രെയിന്‍ പോലുള്ള ചെറുരാജ്യങ്ങളിലേക്കു പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രെയിനില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് മോദിയുടെ പരാമര്‍ശം. കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തു കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങണമെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.