ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിലെ റഷ്യൻ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Share Now

കീവ്: ഒരു ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ ഷെല്ലാക്രമണത്തിൽ മരിച്ചു. കർണാടക സ്വദേശി നവീൻ ശേഖരപ്പ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്.

കൊലപാതകവാർത്ത ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഖർഖീവിൽ നിന്നും പോളണ്ട് അതിർത്തിക്ക് അടുത്തുള്ള ലിവീവിലേക്കുള്ള ട്രെയിനിൽ കേറാനായി ഷെൽട്ടറിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ ആണ് നവീന് നേരെ ഷെൽ ആക്രമണം ഉണ്ടായത് എന്നാണ് വിവരം. റഷ്യൻ ആക്രമണത്തിൽ ഒരു ഇസ്രയേലി പൗരനും ഇന്നലെ കൊല്ലപ്പെട്ടിരുന്നു.

ഇന്ന് രാവിലെ ഖാർകിവിൽ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങൾ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു – ഇന്ത്യൻ വിദേശകാര്യവക്താവ് ട്വിറ്ററിൽ കുറിച്ചു.

റഷ്യ – യുക്രെയിന്‍ ചര്‍ച്ചയില്‍ വെടിനിറുത്തിലിനു തീരുമാനമായില്ല. യുദ്ധം തുടരുന്നു. എന്നാല്‍ ചര്‍ച്ച തുടരാന്‍ അഞ്ചര മണിക്കൂര്‍ നീണ്ട ആദ്യ റൗണ്ട് ചര്‍ച്ച തീരുമാനിച്ചു. അടുത്ത ചര്‍ച്ച പോളണ്ട് – ബെലാറൂസ് അതിര്‍ത്തിയിലാകും. ആദ്യമേ യുക്രെയിനില്‍നിന്നും, റഷ്യ പിടിച്ചെടുത്ത ക്രിമിയ, ഡോണ്‍ബാസ് എന്നിവിടങ്ങളില്‍നിന്നും റഷ്യന്‍ സേന പിന്മാറണമെന്ന് യുക്രെയിന്‍ ആവശ്യപ്പെട്ടു.

രണ്ടും സാധ്യമല്ലെന്നും യുക്രെയിന്‍ ആയുധംവച്ചു കീഴടങ്ങണമെന്നുമാണു റഷ്യന്‍ സംഘം ആവശ്യപ്പെട്ടത്. നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനുള്ള യുക്രെയിന്റെ ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.

ഒരു രാജ്യത്തിന്റെ സുരക്ഷ ബലികഴിച്ചല്ല മറ്റൊരു രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതെന്നു സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരി. യുദ്ധം അവസാനിപ്പിക്കണമെന്നും എന്നാല്‍ സുരക്ഷയ്ക്കായുള്ള റഷ്യയുടെ വാദം ന്യായമെന്നുമായിരുന്നു സിപിഎം പ്രസ്താവന.

യുക്രെയിനിലെ യുദ്ധംമൂലമുള്ള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. നാലാം തവണയാണ് മോദിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നത്. യുക്രെയിനിലുള്ള ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള വിഷയങ്ങളാണു ചര്‍ച്ചചെയ്തത്.

യുക്രൈനിലെ യുദ്ധ ഭൂമിയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ എത്ര വിമാനങ്ങള്‍ വേണമെങ്കിലും ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ്. 1396 വിദ്യാര്‍ത്ഥികളെ ഇതുവരെ തിരിച്ചെത്തിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.


Share Now

Leave a Reply

Your email address will not be published.