5 വയസ്സ് വരെയുള്ള കുട്ടികൾക്ക് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍; ഫെബ്രുവരി 27 ന്

Share Now

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്ച നടക്കും. ഉദ്ഘാടനം പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കൊവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യുകയെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികള്‍ക്ക് ഈ ദിനത്തില്‍ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പോളിയോ തുള്ളിമരുന്ന് നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 24,614 ബൂത്തുകളാണ് പ്രവര്‍ത്തിക്കുന്നത്. തുളളിമരുന്ന് വിതരണം ചെയ്യുന്നതിനായി 49,228 വോളണ്ടിയര്‍മാര്‍ക്കും 2,183 സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

pulse polio immunization

▪️രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കുന്ന ബൂത്തുകളിലെ തിരക്ക് ഒഴിവാക്കുവാനായി ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന സമയത്ത് കുട്ടികളെ കൊണ്ടുപോയി തുള്ളിമരുന്ന് നല്‍കാന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം.

▪️സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍, അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകള്‍ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്.

▪️പോളിയോ ബൂത്തിലുള്ളവരും കുട്ടികളെ കൊണ്ടുവരുന്നവരും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ബൂത്തുകളില്‍ കുട്ടികളുമായി എത്തുമ്പോള്‍ കൈകള്‍ അണുവിമുക്തമാക്കുകയും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച് തുള്ളിമരുന്ന് വിതരണം നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. പ്രത്യേക പരിശീലനം നേടിയ ആരോഗ്യ പ്രവര്‍ത്തകരും വോളണ്ടിയര്‍മാരുമാണ് തുള്ളിമരുന്ന് വിതരണം നടത്തുക.

▪️ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പൂര്‍ണ സഹകരണത്തോടെയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംഘടിപ്പിക്കുന്നത്.

കേരളത്തില്‍ രണ്ടായിരത്തിനു ശേഷവും ഇന്ത്യയില്‍ 2011നു ശേഷവും പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2014 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. എങ്കിലും അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുവാനായി നമ്മുടെ കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് തുടര്‍ന്നും നല്‍കേണ്ടത് അനിവാര്യമാണ്. അതിനാല്‍ എല്ലാവരും 5 വയസിന് താഴെയുള്ള തങ്ങളുടെ കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കിയെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.


Share Now

Leave a Reply

Your email address will not be published. Required fields are marked *