തുറന്നത് നരകത്തിലേക്കുള്ള വാതിൽ: അന്‍പതു വര്‍ഷത്തിലധികമായി കത്തിക്കൊണ്ടിരിക്കുന്ന ഗർത്തം
ഏതാണ്ട് 196 അടി ആഴവും 65 അടി വീതിയുമുള്ള ഒരു വലിയ ഗര്‍ത്തം ആണ് ചർച്ച വിഷയം. ആ ഗർത്തത്തിൽ നിര്‍ത്താതെ തീ കത്തിക്കൊണ്ടിരിക്കുന്നു. കോരിച്ചൊരിയുന്ന മഴയും മഞ്ഞുമൊന്നും ഗർത്തത്തിനുള്ളിലെ ആ തീ കെടുത്തുന്നതേയില്ല.
കഴിഞ്ഞ അന്‍പതു വര്‍ഷത്തിലധികമായി കത്തിക്കൊണ്ടിരിക്കുന്ന ഒരു ഗര്‍ത്തമുണ്ട് ഭൂമിയിൽ. അത് സ്ഥിതി ചെയ്യുന്നത് തുര്‍ക്മെനിസ്ഥാനിലെ ദർവാസ എന്ന സ്ഥലത്താണ്. ദർവാസ എന്ന പേരിന്റെ അര്‍ത്ഥം കവാടം/ ഗേറ്റ് എന്നാണ്. അതിനാല്‍ കെടാതെ കത്തുന്ന ഗർത്തതിന് പ്രദേശവാസികള്‍ നല്‍കിയിരിക്കുന്ന പേരാണ് ‘നരകത്തിലേക്കുള്ള കവാടം’ എന്ന്.

നരകത്തിലേക്കുള്ള കവാടത്തില്‍ ആദ്യമായി പ്രവേശിച്ച വ്യക്തിയാണ് സാഹസികനായ ജോര്‍ജ്ജ് കുറൂണിസ്. അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് തന്നെ ദർവാസായെകുറിച്ച മനസിലാക്കാം.
“മികച്ച സന്നാഹങ്ങളോടെ ഗര്‍ത്തത്തിലേക്ക് പ്രവേശിച്ചെങ്കിലും തിരിച്ചിറങ്ങുമ്പോള്‍ ചുട്ടുപഴുത്ത ഉരുളക്കിഴങ്ങുപോലെയായിരുന്നു താനെന്ന് അദ്ദേഹം പറയുന്നു. ‘മരുഭൂമിയുടെ നടുവില്‍ ഒരു അഗ്നിപര്‍വ്വതം പോലെ’ എന്നതാണ് ഗര്‍ത്തത്തിന്റെ ആദ്യ കാഴ്ചയെ കൊറൂണിസ് വിശേഷിപ്പിച്ചത്.”
ഈ ഗർത്തം എങ്ങനെ രൂപപ്പെട്ടു?
1971 ൽ അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഇന്നത്തെ തുര്‍ക്മെനിസ്താനിലുള്ള ദർവെസെ ഗ്രാമത്തില്‍ വലിയ വാതക നിക്ഷേപമുണ്ടന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വാതകത്തെക്കുറിച്ച് പഠിക്കുന്നതിനുവേണ്ടി, ആ സ്ഥലം പരിശോധിക്കുന്നതിനായി അവിടെ കുറച്ചു ഭാഗത്ത് കുഴിയെടുത്തു.

കുഴിച്ചപ്പോള്‍ത്തന്നെ ഡ്രില്ലിംഗ് റിഗ് വാതകം നിറഞ്ഞ ഒരു വലിയ പ്രകൃതിദത്ത ഗുഹയില്‍ ഇടിക്കുകയും ഗുഹ തകരുകയും ചെയ്തു. തുടര്‍ന്ന് 200 അടി വ്യാസത്തില്‍ മണ്ണ് താഴ്ന്ന് വലിയ ഗര്‍ത്തം ഉണ്ടായി. ആ ഗര്‍ത്തത്തില്‍നിന്ന് ഒരു വാതകം പുറത്തേക്ക് പ്രവഹിക്കാന്‍ തുടങ്ങി.
എന്താണ് വാതകമെന്ന് തിരിച്ചറിയാനായി നടത്തിയ പരിശോധനയില്‍ വാതകത്തില്‍ മീഥൈന്‍ അടങ്ങിയ വിഷാംശം ഉണ്ടെന്ന് കണ്ടെത്തി. അതോടെ 350-ഓളം വരുന്ന ഗ്രാമവാസികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി വാതകം കത്തിച്ചു കളയാനായി ശാസ്ത്രജ്ഞന്‍മാരുടെ തീരുമാനം.
രണ്ടാഴ്ചക്കകം ഗര്‍ത്തത്തിനുള്ളിലെ വാതകം മുഴുവനും കത്തിത്തീരും എന്ന നിഗമനത്തില്‍ വാതകം കത്തിച്ചു. അന്ന് കത്തിയ തീ ഇന്നും, അന്‍പതു വര്‍ഷത്തിനിപ്പുറവും കെടാതെ കത്തിക്കൊണ്ടേയിരിക്കുന്നു. നിന്നു കത്തുന്ന ഭൂമിയിലെ കെടാത്ത ഗര്‍ത്തമായി ആ പ്രദേശം മാറി.